Jump to content

സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം
മറ്റ് പേരുകൾകാൻഡേസ് സിൻഡ്രോം,[1] സ്ത്രീ ലൈംഗിക താൽപ്പര്യം / ഉത്തേജന വൈകല്യം
സ്പെഷ്യാലിറ്റിസൈക്യാട്രി, ഗൈനക്കോളജി Edit this on Wikidata

ലൈംഗിക ഉത്തേജനം നേടുന്നതിനോ അല്ലെങ്കിൽ ഒരു ലൈംഗികബന്ധം പൂർത്തിയാകുന്നതുവരെ ഉത്തേജനം നിലനിർത്തുന്നതിനോ സ്ഥിരമായതോ ആവർത്തിച്ചുള്ളതോ ആയ കഴിവില്ലായ്മയാണ് സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം (ഫീമെയ്ൽ സെക്സ്‌ഷ്വൽ ഏറോഷൽ ഡിസോഡർ-Female Sexual Arousal Disorder/ FSAD). ലൈംഗിക ബന്ധത്തിന്റെ ഏത് ഘട്ടത്തിലും ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകളെ സ്ത്രീ ലൈംഗിക വൈകല്യം എന്ന് വിളിക്കാം. ശാരീരികവും മാനസികവുമായ സുഖം, ലൈംഗികമായ ആഗ്രഹം, യോനിയിലെ ലൂബ്രിക്കേഷൻ, രതിമൂർച്ഛ എന്നിവയുൾപ്പെടെ സാധാരണ ലൈംഗിക പ്രവർത്തനത്തിന്റെ ഏത് ഘട്ടത്തിലും ഒരു വ്യക്തിയോ പങ്കാളിയോ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് സെക്സ്ഷ്വൽ ഡിസ്ഫൻഷൻ.[2]

ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ടോ, മാനസിക പ്രശ്‌നങ്ങൾ കൊണ്ടോ അല്ലെങ്കിൽ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ കൊണ്ടോ പല സ്ത്രീകളിലും ലൈംഗിക ഉത്തേജന വൈകല്യം ഉണ്ടാകാം. പുരുഷാധിപത്യ സമൂഹങ്ങളിൽ സ്ത്രീകൾക്കുള്ള സാമൂഹികമായ വിലക്കുകൾ കൊണ്ടും മറ്റു ചിലപ്പോൾ പാപചിന്ത കൊണ്ടും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ ബാഹ്യകേളികളുടെ (foreplay) അഭാവത്തിൽ ഇങ്ങനെ സംഭവിക്കാം എങ്കിലും അത് ഇത്തരം രോഗാവസ്ഥയായി കണക്കാക്കാൻ സാധിക്കില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹത്തിന്റെ അഭാവം, വേദനാജനകമായ ലൈംഗികബന്ധം, യോനീസങ്കോചം (വജൈനിസ്മസ്), യോനീ വരൾച്ച, രതിമൂർച്ഛയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക് ലൈംഗികശേഷി കുറവാണെന്ന് പറയപ്പെടുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ മധ്യവയസ്ക്കരായ സ്ത്രീകളിലും, ഹോർമോൺ വ്യതിയാനങ്ങൾ, പ്രമേഹം, വിഷാദരോഗം തുടങ്ങിയ രോഗാവസ്ഥകളിലും ഇത്തരം പ്രശ്നം ഉണ്ടാകുന്നത് സാധാരണമാണ്. ഇത് പലപ്പോഴും സ്ത്രീകളുടെ ദാമ്പത്യ ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ഒരു വിദഗ്ദ ഡോക്ടറുടെ അല്ലെങ്കിൽ സെക്സോളജിസ്റ്റിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ചികിത്സ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ആവശ്യമാണ്. എന്നാൽ നാണക്കേടോ മടിയോ വിചാരിച്ചു ഇത്തരം പ്രശ്നങ്ങൾ ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്യാനോ പരിഹാര മാർഗങ്ങൾ തേടാനോ പലപ്പോഴും ആളുകൾ തയ്യാറല്ല എന്നതാണ് വാസ്തവം.[3]

അവലംബം[തിരുത്തുക]

  1. "Female Sexual Arousal Disorder". BehaveNet. Retrieved 2013-05-16.
  2. "Low sex drive (loss of libido)" (in ഇംഗ്ലീഷ്). 2017-10-19. Retrieved 2023-01-19.
  3. "Female Sexual Arousal Disorder: Symptoms, Causes, and Treatment" (in ഇംഗ്ലീഷ്). 2019-05-08. Retrieved 2023-01-19.